08:38pm 11 November 2026
NEWS
കശുവണ്ടി അഴിമതി: അറസ്റ്റ് വാറന്റ് മുന്നറിയിപ്പിന് പിന്നാലെ മുഹമ്മദ് ഹനീഷ് ഹൈക്കോടതിയിൽ നേരിട്ടെത്തി മാപ്പപേക്ഷിച്ചു; ചന്ദ്രശേഖരനെ യു.ഡി.എഫ് സർക്കാർ കൈവിട്ടേക്കും
23/06/2026  11:04 AM IST
ന്യൂസ് ബ്യൂറോ
കശുവണ്ടി അഴിമതി: അറസ്റ്റ് വാറന്റ് മുന്നറിയിപ്പിന് പിന്നാലെ മുഹമ്മദ് ഹനീഷ് ഹൈക്കോടതിയിൽ നേരിട്ടെത്തി മാപ്പപേക്ഷിച്ചു; ചന്ദ്രശേഖരനെ യു.ഡി.എഫ് സർക്കാർ കൈവിട്ടേക്കും

​കൊച്ചി/ തിരുവനന്തപുരം: കശുവണ്ടി വികസന കോർപ്പറേഷൻ ഇറക്കുമതി അഴിമതിയുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യക്കേസിൽ വ്യവസായ വകുപ്പ് മുൻ പ്രിൻസിപ്പൽ സെക്രട്ടറിയും നിലവിലെ അഡീഷണൽ ചീഫ് സെക്രട്ടറിയുമായ എ.പി.എം. മുഹമ്മദ് ഹനീഷ് ഹൈക്കോടതിയിൽ നേരിട്ട് ഹാജരായി നിരുപാധികം മാപ്പപേക്ഷിച്ചു. ഉത്തരവുകൾ നടപ്പാക്കാതിരുന്നാൽ അറസ്റ്റ് വാറന്റ് പുറപ്പെടുവിക്കുമെന്ന സിംഗിൾ ബെഞ്ചിന്റെ കടുത്ത മുന്നറിയിപ്പിന് പിന്നാലെയാണ് അദ്ദേഹം കോടതിയിലെത്തിയത്.
​കോടതി നിർദ്ദേശങ്ങൾ പാലിക്കുന്നതിൽ വീഴ്ച വരുത്തിയത് ബോധപൂർവമല്ലെന്നും കശുവണ്ടി വകുപ്പിന്റെ ചുമതലയിൽ നിന്ന് മാറിയതുകൊണ്ടാണെന്നും ഹനീഷ് ബോധിപ്പിച്ചു. കോടതിയലക്ഷ്യ നടപടികൾ അവസാനിപ്പിക്കണമെന്ന അദ്ദേഹത്തിന്റെ അപേക്ഷ പരിഗണിച്ച ജസ്റ്റിസ് എ. ബദറുദ്ദീന്റെ ബെഞ്ച്, തുടർനടപടികൾക്കായി കേസ് ജൂലൈ രണ്ടിലേക്ക് മാറ്റി.
​'കോടതി ഉത്തരവുകൾ വായിക്കാൻ അറിയില്ലേ?' എന്ന് ഹൈക്കോടതി
​വിചാരണയ്ക്കിടെ മുഹമ്മദ് ഹനീഷിനെതിരെ കടുത്ത ഭാഷയിലാണ് കോടതി പ്രതികരിച്ചത്. കോടതി ഉത്തരവുകൾ വായിക്കാനും മനസ്സിലാക്കാനും പ്രാപ്തനല്ലേയെന്ന് ജഡ്ജി ചോദിച്ചപ്പോൾ 'അതെ' എന്നായിരുന്നു ഹനീഷിന്റെ മറുപടി. എന്നാൽ, കോടതി നിർദ്ദേശങ്ങൾ മനസ്സിലാക്കിയിട്ടും ഹനീഷ് അത് തുടർച്ചയായി അവഗണിക്കുകയായിരുന്നെന്നും ഫയലുകളിൽ സ്വന്തം അഭിപ്രായങ്ങൾ എഴുതിച്ചേർക്കുകയായിരുന്നെന്നും കോടതി വാക്കാൽ വിമർശിച്ചു.
​2006-2015 കാലയളവിൽ കശുവണ്ടി വികസന കോർപ്പറേഷൻ നടത്തിയ തോട്ടണ്ടി ഇറക്കുമതിയിൽ കോടികളുടെ അഴിമതി നടന്നെന്നാണ് സി.ബി.ഐയുടെ കണ്ടെത്തൽ. കേസിൽ കോർപ്പറേഷൻ മുൻ ചെയർമാനും ഐ.എൻ.ടി.യു.സി സംസ്ഥാന പ്രസിഡന്റുമായ ആർ. ചന്ദ്രശേഖരൻ, മുൻ മാനേജിംഗ് ഡയറക്ടർ കെ.എ. രതീഷ് എന്നിവരെ പ്രതിചേർത്തിരുന്നെങ്കിലും ഇവർക്കെതിരെ പ്രോസിക്യൂഷൻ അനുമതി നൽകാൻ കഴിഞ്ഞ പിണറായി സർക്കാർ മൂന്നുവട്ടം വിസമ്മതിച്ചിരുന്നു. ഇതിനെതിരെ പരാതിക്കാരനായ കടകംപള്ളി മനോജ് നൽകിയ കോടതിയലക്ഷ്യ ഹർജിയിലാണ് ഇപ്പോൾ കർശന നടപടികളിലേക്ക് കോടതി കടന്നത്.
​പുതിയ സെക്രട്ടറിക്ക് അന്ത്യശാസനം; ചന്ദ്രശേഖരനെ കൈവിട്ട് യു.ഡി.എഫ് സർക്കാർ
​കേസിൽ പുതിയ കശുവണ്ടി വകുപ്പ് സെക്രട്ടറി കെ. ബിജുവാണ് ഇനി പ്രോസിക്യൂഷൻ അപേക്ഷയിൽ തീരുമാനമെടുക്കേണ്ടത്. ജൂലൈ 2-നകം കൃത്യമായ തീരുമാനമുണ്ടായില്ലെങ്കിൽ ബിജുവിനെതിരെയും കോടതിയലക്ഷ്യ നടപടിയുണ്ടാകുമെന്ന് സിംഗിൾ ബെഞ്ച് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
​അതേസമയം, കോടതി നിലപാട് കടുപ്പിച്ചതോടെ കോൺഗ്രസ് നേതാവായ ആർ. ചന്ദ്രശേഖരനെ വി.ഡി. സതീശന്റെ നേതൃത്വത്തിലുള്ള യു.ഡി.എഫ് സർക്കാർ കൈവിട്ടേക്കുമെന്നാണ് സൂചന. സ്വന്തം മുന്നണിയിലെ പ്രമുഖ നേതാവാണെങ്കിലും അഴിമതിക്കേസിൽ വിട്ടുവീഴ്ച വേണ്ടെന്ന നിലപാടിലാണ് മുഖ്യമന്ത്രി. ചന്ദ്രശേഖരനെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി നൽകേണ്ടി വരുമെന്ന കാര്യം മുഖ്യമന്ത്രി എ.ഐ.സി.സി, ഐ.എൻ.ടി.യു.സി നേതൃത്വങ്ങളെ അറിയിക്കുമെന്നാണ് റിപ്പോർട്ടുകൾ.
​"കേസിൽ പ്രോസിക്യൂഷൻ നടപടി വന്നാൽ കാര്യങ്ങൾ കോടതിയെ ബോധ്യപ്പെടുത്തും. അനുമതി നൽകുന്നതുമായി ബന്ധപ്പെട്ട് ഔദ്യോഗിക വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല. ഒരു സർക്കാരിനോടും അനുമതി നൽകരുതെന്ന് താൻ ആവശ്യപ്പെട്ടിട്ടുമില്ല."
- ആർ. ചന്ദ്രശേഖരൻ

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img